കുടിയേറ്റ ചരിത്രം

1949-ല്‍ രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുള്ള ഭക്ഷ്യക്ഷാമകാലങ്ങളില്‍ ഭക്ഷ്യക്ഷാമ നിവാരണത്തിനായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഗ്രോ മോര്‍ ഫുഡ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് അഞ്ച് ഏക്കര്‍ ഭൂമി വീതം കാര്‍ഷികാവശ്യത്തിനനുവദിച്ചു കൊടുക്കുന്ന സംവിധാനമുണ്ടായി. പീരുമേട്, ദേവികുളം താലൂക്കുകളില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശമാണ് കട്ടപ്പന. ഗിരിവര്‍ഗ്ഗക്കാരായ മാന്നാന്‍, ഊരാളി സമുദായത്തില്‍പ്പെട്ടവരുടെ അധിവാസകേന്ദ്രമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്തിന്റെ പേര് കട്ടപ്പനയെന്നു കുടിയേറ്റ കര്‍ഷകന്‍ ഗ്രഹിക്കുന്നതും അവരില്‍ നിന്നാണ്.

സ്വന്തമായി ഭരണസംവിധാനവും ആചാരാനുഷ്ഠാനകര്‍മ്മങ്ങളും അനുവര്‍ത്തിച്ചു പോന്ന ഈ ആദിവാസി സമൂഹത്തിന് തുടക്കത്തില്‍ കുടിയേറ്റ കര്‍ഷകരുടെ ജീവിത രീതികളുമായി പൊരുത്തപ്പെടാനാവാതെ വന്നു. ക്രമേണ അവര്‍ കുടിയേറ്റക്കാരെ അംഗീകരിക്കുകയും ആധിപത്യം അനുസരിക്കുകയും ചെയ്തതിലൂടെ അവരുടെ തനിമ നഷ്ടപ്പെടുകയും സ്വയം നിഷ്ക്കാസിതരാവുകയും ചെയ്തു തുടങ്ങി. 1951-ലാണ് വ്യാപകമായ കുടിയേറ്റം നടക്കുന്നത്. അന്ന് അനുവദിച്ചു കിട്ടിയ ഭൂമിയ്ക്കിടയിലുള്ള തരിശുഭൂമി കയ്യേറി കൃഷി ചെയ്യുന്നതിനായി കൂടുതല്‍ കര്‍ഷകരെത്തി. അക്കാലങ്ങളിലെ സാമൂഹികജീവിതം തികച്ചും ആകര്‍ഷണീയവും അംഗീകരണീയവുമായിരുന്നു. പരസ്പര സഹകരണത്തോടെ അവര്‍ മണ്ണിനോടും സാഹചര്യങ്ങളോടും പോരാടി. ആധുനികതയുടെ ക്രമാത്മകമായ പരിവേഷമില്ലാതെ സ്വജീവിതം കരുപിടിപ്പിക്കാനുള്ള ശ്രമത്തില്‍ പാരമ്പര്യ വിലങ്ങുകള്‍ അവര്‍ക്കു പ്രശ്നമായിരുന്നില്ല. വിഭിന്ന സാഹചര്യത്തിലും സംസ്കാരത്തിലും ജീവിച്ചുപോന്നവര്‍ ഒന്നായി. മതസൌഹാര്‍ദ്ദത്തിന്റെ മറക്കാനാവാത്ത മാതൃകകളായി. കാട്ടാനകളുടേയും മറ്റു കാട്ടുമൃഗങ്ങളുടേയും ശല്യത്തില്‍ നിന്നും രക്ഷ നേടുന്നതിനായി ഏറുമാടങ്ങളിലാണധികം പേരും വസിച്ചിരുന്നത്. ഇല്ലിക്കാനം, മരക്കാനം, ഈറ്റക്കാനം എന്നിവിടങ്ങളില്‍ പുല്ലുമേടുകള്‍ വെട്ടിത്തെളിച്ച് നെല്ലും കപ്പയും കൃഷി ചെയ്തു. കൂലിപ്പണികളെ അപേക്ഷിച്ച് മാറ്റാള്‍ പണികളായിരുന്നു അന്നു നിലവിലുണ്ടായിരുന്നത്. രാത്രി കാലങ്ങളില്‍ കാട്ടാനകളെ അകറ്റി നിര്‍ത്തുന്നതിനായി വിപുലമായ അഗ്നി കൂട്ടി അതിനുചുറ്റും കാവലിരുന്നു നേരം വെളുപ്പിച്ചിരുന്നു അവര്‍.