സാമൂഹിക സാംസ്കാരിക വികസന ചരിത്രം

ആദ്യകാലങ്ങളില്‍ ഏലപ്പാറ വരെ മാത്രമായിരുന്നു ബസ് സര്‍വ്വീസ് ഉണ്ടായിരുന്നത്. 1950-കളുടെ അവസാനത്തോടെ അയ്യപ്പന്‍ കോവില്‍ വരെ ബസുകളും മറ്റുവാഹനങ്ങളും എത്തിയിരുന്നു. കട്ടപ്പനയുടെ വികസന ചരിത്രത്തിലെ രാജപാതയായ അയ്യപ്പന്‍ കോവില്‍-കട്ടപ്പന റോഡ് 1960-ല്‍ മെറ്റല്‍ ചെയ്യുകയും വാഹനങ്ങളുടെ പ്രവാഹം കട്ടപ്പനയിലേക്കുണ്ടാവുകയും ചെയ്തു. 1963-ല്‍ ബസ് സര്‍വ്വീസ് ആരംഭിച്ചു. ഇത് കട്ടപ്പനയെ കോട്ടയവുമായി ബന്ധിപ്പിക്കുന്നതിനും ധാരാളം ജനങ്ങളെ കട്ടപ്പനയിലേക്കാകര്‍ഷിക്കുന്നതിനും കാരണമായി. കാര്‍ഷിക-വാണിജ്യ-വിദ്യാഭ്യാസ- സാമ്പത്തിക രംഗങ്ങളില്‍ അപ്രതീക്ഷിതമായ ഉണര്‍വ്വ് ആണ് ഇതുമൂലം ഉണ്ടായത്. ജില്ലയിലെ എല്ലാ പ്രധാന പട്ടണങ്ങളിലേക്കും പ്രദേശങ്ങളിലേക്കും എത്തിച്ചേരുന്നതിനു പര്യാപ്തമായ റോഡുകളും മറ്റും തുറക്കപ്പെടുകയും വികസനത്തിന്റെ കേന്ദ്രമായി കട്ടപ്പന രൂപപ്പെടുകയും ചെയ്തു. പഞ്ചായത്തിനുള്ളിലും ഇന്ന് മതിയായ യാത്രസൌകര്യങ്ങളുണ്ട്. കേരളത്തിലെ ഏറ്റവും നല്ല ബസ് സ്റ്റാന്‍ഡുകളില്‍ ഒന്നാണ് കട്ടപ്പനയിലേത്.

കര്‍ഷകര്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കാന്‍ തുടങ്ങിയത് 1950-കളുടെ മധ്യത്തോടെയാണ്. അക്കാലത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിപ്പള്ളിക്കൂടങ്ങള്‍ രൂപം കൊണ്ടു. 1956-ല്‍ തോണിത്തടി വാസു പ്രസിഡന്റായി അമ്പലക്കവലയില്‍ ഒരു സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് ഈ മേഖലയിലെ തുടക്കമാണ്. മാസങ്ങള്‍ക്കുശേഷം കട്ടപ്പന സെന്റ് ജോര്‍ജ്ജ് പള്ളിയുടെ മേല്‍നോട്ടത്തിലാരംഭിച്ച സ്ക്കൂളിലേക്ക് ഇതു ലയിപ്പിച്ചു. 1958-ല്‍ കട്ടപ്പനയില്‍ ആദ്യത്തെ സര്‍ക്കാര്‍ സ്കൂള്‍ സ്ഥാപിതമായി. ആദിവാസി മേഖലയിലുള്ള ഇളം തലമുറയുടെ ഉന്നതിലാക്കാക്കി ട്രൈബല്‍ സ്കൂളായിട്ടാണ് അനുവദിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏക അവലംബം കട്ടപ്പന ഗവണ്‍മെന്റ് കോളേജാണ്. മണ്ണില്‍ പൊന്നു വിളയിക്കാന്‍ മോഹിച്ചു വന്ന കുടിയേറ്റ കര്‍ഷകരുടെ മനസ്സ് നിറഞ്ഞപ്പോള്‍ ഇടുക്കിയുടെ മലമടക്കുകളില്‍ കലയുടെ ശബ്ദം പ്രതിധ്വനിച്ചു. സംഗീതം, നാടകം, കഥാപ്രസംഗം, നൃത്തം തുടങ്ങിയവയും ഓട്ടന്‍തുള്ളല്‍, വില്പാട്ട്, ചെണ്ടമേളം, കാവടിയാട്ടം, കടുവാകളി തുടങ്ങിയ നാടന്‍ കലകളും പ്രചരിക്കപ്പെട്ടു. അക്കാലങ്ങളില്‍ മിക്കപ്രദേശങ്ങളിലും നാടക സംഘങ്ങളും ഗാനമേള ഗ്രൂപ്പുകളും പ്രവര്‍ത്തിച്ചിരുന്നു. അന്നു കേരളത്തില്‍ നിലനിന്നിരുന്ന മിക്ക പ്രൊഫഷണല്‍ നാടകവേദികളുടേയും പരിപാടികള്‍ ഇവിടെ അവതരിക്കപ്പെട്ടിരുന്നു. കലാസാംസ്കാരിക രംഗത്തെ ആദ്യ ചുവടുവെയ്പായി 1957-ല്‍ കട്ടപ്പന ജനതാ പബ്ളിക് ലൈബ്രറിയും 1961-ല്‍ നിര്‍മ്മലായൂത്ത് ക്ലബും സ്ഥാപിതമായി. കട്ടപ്പനയുടെ സാംസ്കാരിക വളര്‍ച്ചയ്ക്ക് നിസ്തുലമായ സംഭാവന നല്‍കി വരുന്ന സ്ഥാപനമാണ് ദര്‍ശനാഫിലിം സൊസൈറ്റി. 1980-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനത്തിന് 1988-ല്‍ കേരളത്തിലെ ഏറ്റവും മികച്ച ഫിലിം സൊസൈറ്റിക്കും 1989-90 വര്‍ഷങ്ങളില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമീണഫിലിം സൊസൈറ്റിക്കുമുള്ള അവാര്‍ഡുകള്‍ ലഭിച്ചു.